Web hosting

ശ്രദ്ധിക്കാതെ പോയ ഒരു വിലാപം


വടുവൃക്ഷച്ചുരുളുകള്‍ കടലാസുകളായി
രൂപം പ്രാപിക്കുമ്പോഴും
സത്യമെന്ന പ്രകൃതി വരദാനം
ഞങ്ങള്‍ക്കു നഷ്ടപ്പെടുന്നില്ല.
സത്യം വളച്ചൊടിക്കാന്‍,
മിഥ്യയോട് കൂട്ടിക്കലര്‍ത്താന്‍
ഞങ്ങള്‍ മനുഷ്യരല്ലല്ലോ.

വിഷം ചീറ്റുന്ന കള്ള 'സത്യങ്ങള്‍'
ഛര്‍ദ്ധിച്ച് ഛര്‍ദ്ധിച്ച്
ലോകം ഛിന്നഭിന്നമാക്കാന്‍,
ശത്രുക്കളെ സൃഷ്ടിക്കാന്‍,
മാതൃഭൂമിയില്‍ ഒഴുകുന്ന
രക്തത്തുള്ളികള്‍ ഇനിയും കണ്ടിരിക്കാന്‍
കഴിയുമെന്ന് തോന്നുന്നില്ല.
പക്ഷപാതിത്വത്തിന്‍ നാറ്റം
ഇനിയും സഹിക്കണോ?
മുതുകില്‍ കൊത്തി വെച്ച
അസംബന്ധങ്ങള്‍ മായ്ക്കൂ.
ഞങ്ങള്‍ക്കിനി ജീവിക്കേണ്ട,
അസത്യത്തിന്‍ ദുര്‍ഗന്ധവും പേറി.

അപരവത്കരണത്തിന്റെ കളങ്ങളും
തീവ്രവാദാരോപണത്തിന്റെ പുറങ്ങളും
കുപ്രചാരണങ്ങളുടെ വേദികളുമായി
കപടവേഷം ധരിക്കാന്‍
നിര്‍ബന്ധിക്കരുത്, ദയവായി.
വിവാദങ്ങളുടെ സര്‍പ്പനീലിമയില്‍
ജനമദ്ധ്യേ തിളങ്ങേണ്ട,
യാഥാര്‍ത്ഥ്യത്തിനു മുന്നില്‍
അപമാനത്തോടെ തലകുനിക്കേണ്ട.
രക്ഷിക്കണം, പ്ലീസ്.

Comments

Web hosting