ശ്രദ്ധിക്കാതെ പോയ ഒരു വിലാപം
വടുവൃക്ഷച്ചുരുളുകള്‍ കടലാസുകളായി രൂപം പ്രാപിക്കുമ്പോഴും സത്യമെന്ന പ്രകൃതി വരദാനം ഞങ്ങള്‍ക്കു നഷ്ടപ്പെടുന്നില്ല. സത്യം വളച്ചൊടിക്കാന്‍ , മിഥ്യയോട് കൂട്ടിക്കലര്‍ത്താന്‍ ഞങ്ങള്‍ മനുഷ്യരല്ലല്ലോ. വിഷം ചീറ്റുന്ന കള്ള ' സത്യങ്ങള്‍ ' ഛര്‍ദ്ധിച്ച് ഛര്‍ദ്ധിച്ച് ലോകം ഛിന്നഭിന്നമാക്കാന്‍ , ശത്രുക്കളെ സൃഷ്ടിക്കാന്‍ , മാതൃഭൂമിയില്‍ ഒഴുകുന്ന രക്തത്തുള്ളികള്‍ ഇനിയും കണ്ടിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷപാതിത്വത്തിന്‍ നാറ്റം ഇനിയും സഹിക്കണോ ? മുതുകില്‍ കൊത്തി വെച്ച അസംബന്ധങ്ങള്‍ മായ്ക്കൂ. ഞങ്ങള്‍ക്കിനി ജീവിക്കേണ്ട , അസത്യത്തിന്‍ ദുര്‍ഗന്ധവും പേറി. അപരവത്കരണത്തിന്റെ കളങ്ങളും തീവ്രവാദാരോപണത്തിന്റെ പുറങ്ങളും കുപ്രചാരണങ്ങളുടെ വേദികളുമായി കപടവേഷം ധരിക്കാന്‍ നിര്‍ബന്ധിക്കരുത് , ദയവായി. വിവാദങ്ങളുടെ സര്‍പ്പനീലിമയില്‍ ജനമദ്ധ്യേ തിളങ്ങേണ്ട , യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ അപമാനത്തോടെ തലകുനിക്കേണ്ട. രക്ഷിക്കണം , പ്ലീസ്.

