Posts

Showing posts from December, 2018
Web hosting

പ്രണയം

എന്റെ ചിന്തകള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. വെള്ളരിപ്രാവിന്റെ തൂവെള്ളയും ആകാശത്തിന്റെ നീലിമയും റോസയുടെ സൗരഭ്യവും വിരിഞ്ഞ് പടരുന്ന ലോകത്തും നിന്റെ ഓര്‍മകള്‍ തളിര്‍ക്കുന്ന സ്വപ്‌നങ്ങള്‍ എന്നെ ഞെരുക്കിക്കൊണ്ടിരുന്നു. പാറിപ്പറന്ന കിനാവുകള്‍ ഒറ്റ സൂര്യനെ വലം വെച്ചു. ആയിരം പൂക്കള്‍ പെയ്യുന്ന ആനന്ദ ലഹരിയിലും എനിക്ക് ഒരു മണം മാത്രം, എന്റെ തുടിപ്പുകള്‍ക്ക് ഒരേയൊരു രാഗം മാത്രം. കോടികള്‍ തേടുന്ന മന്ദമാരുതന്റെ ചെലവില്‍ ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് ഞാന്‍ സ്വതന്ത്രനായി. പുതിയ ലോകം കെട്ടിപ്പടുത്തു. അവിടെ നീയുണ്ടായിരുന്നില്ല, ഞാന്‍ മാത്രം. പുതു സൂര്യനായി ഞാനുദിച്ചുയര്‍ന്നു. എന്നെ പ്രദക്ഷിണം ചെയ്ത പതിനായിരങ്ങള്‍ക്കു മുന്നില്‍ ചിന്താശകലങ്ങള്‍ വിതറി ഞാന്‍ മൂളിപ്പറന്നു.

ചെക്ക് മേറ്റ്

എന്റെ കറുത്ത കരുക്കള്‍ കളം വാണു. പക്ഷേ, സഹതാപത്തിന്റെ മൂര്‍ദ്ധന്യതയില്‍ ഞാന്‍ റിസൈന്‍ ചെയ്തു. അതിനും മുന്നേ നിന്റെ സ്റ്റേല്‍മേറ്റ്! റിയലി അയാം സോറി, ദ ഗെയിം ഈസ് ഓവര്‍!

'ഭാര'വാഹി

ഞാനൊന്നും ചോദിച്ചിരുന്നില്ല. എന്നിട്ടും നീ പകര്‍ന്നു നല്‍കിയ പേരുകള്‍ക്ക് ഭാരം കൂടുതലായിരുന്നു. ആരും എന്നെ ഒരു പേരും വിളിക്കരുത്. ഇനി, ഞാനൊന്നും പറയുന്നില്ല.

പ്രതിമ

അവന്‍ നിസ്സഹായനായിരുന്നു. ഞാനവന്റെ തലയില്‍ കാഷ്ടിച്ചു, ലിബറലിസം ഛര്‍ദ്ധിച്ചു. അവന്റകത്തു നിന്നും ഒരു പ്രതിഭ ശുഭാപ്തി വിശ്വാസത്തോടെ എന്നെ നോക്കി കണ്ണുരുട്ടി. ഐസുരുകിയുണ്ടാകുന്ന വെള്ളപ്പൊക്കം എന്നെ തുടച്ചു നീക്കുമെന്ന ബോധം അന്നെനിക്കുണ്ടായിരുന്നില്ല. ഇന്ന്, ഞാന്‍ നിന്നെ നമിക്കുന്നു. 
Web hosting