Web hosting

ഭാരതം


നീയൊരു വിചിത്ര ജീവിയാണെന്ന്
ഇന്നലെയാണ് ഞാനറിഞ്ഞത്.
ഇരുണ്ട രാഷ്ട്രീയത്തിന്റെ
കറുത്തിരുണ്ട ജ്വാലയില്‍
മുളച്ചു പൊന്തിയ
വര്‍ഗ്ഗമതിലുകള്‍ക്കിടയില്‍
സ്ത്രീത്വം മരിച്ചു കിടന്നപ്പോള്‍,
കൂടെ, മനുഷ്യത്വത്തിന്റെ ജഡം
നഗ്നമായി കീറി മുറിക്കപ്പെട്ടപ്പോള്‍.

സ്വന്തം മകളെ നശിപ്പിച്ച
നമാധമന്മാരെ പുറന്തള്ളാന്‍
നിന്റെ കരങ്ങള്‍ ഉയരുന്നില്ല.
ഇനിയാരും അനങ്ങരുതെന്ന
ഏകസ്വരത നീയും കേട്ടുവല്ലേ?
അധികാരത്തിന്റെ ബലിക്കല്ലില്‍
രക്തം ഒഴുക്കുന്നവര്‍
നിന്റെ കാവല്‍ക്കാരായി
അഭിനയിക്കുന്നു.
പാവം നീയും ഞാനും,
ഉറങ്ങിക്കിടക്കുന്നവര്‍.

അപമാനത്തിന്റെ കരിമ്പാറകള്‍
നിന്റെ മേല്‍
ആഞ്ഞു പതിക്കുന്നു.
രക്തം അണ പൊട്ടിയൊഴുകുന്നു.
പക്ഷേ, നിസ്സങ്കോചം
നീയതു നക്കിക്കുടിക്കുന്നു.
തെമ്മാടികള്‍ക്കു മുന്നില്‍
നമ്രശിരസ്‌കയാവുന്നു.
നീ ഭാരതമല്ല,
ഞാന്‍ ഭാരതീയനും.

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting