Web hosting

ബോധം കെടുത്തുന്ന സദ്യകള്‍


നിദ്ര വിട്ടുണരുമ്പോള്‍ തന്നെ,
കൈയ്യില്‍ തടഞ്ഞത്
ഒരു കൂട്ടം മാഗസിനുകളായിരുന്നു.
മറിച്ചു നോക്കുമ്പോഴാണ്
കണ്ടത്;
സര്‍പ്പദംശമേറ്റ രചനകളുടെ
നീലിമയാര്‍ന്ന സമാഹാരങ്ങള്‍!!
അതില്‍ മിനുങ്ങുന്ന
വെള്ളമൂറ്റുന്ന സദ്യകള്‍
പ്രസരിപ്പിച്ചത്
സുഗന്ധം നിറഞ്ഞ ദുര്‍ഗന്ധമായിരുന്നു.
നാസദ്വാരങ്ങളില്‍ രൂക്ഷതയോടെ
അടിച്ചു കയറുന്ന മണം
നിറയെ മരണമായിരുന്നു;
ഐക്യപുഷ്പങ്ങളുടെ പൂന്തോപ്പിന്റെ,
സമാധാനം പാടുന്ന വെള്ളരിപ്രാവിന്റെ,
സ്വാതന്ത്ര്യം ആഘോഷിക്കുന്ന മയിലിന്റെ,
വര്‍ഗ്ഗസമത്വം ഘോഷിക്കുന്ന കാക്കയുടെ......

വര്‍ഗ്ഗീയത - രണ്ടു ടി സ്പൂണ്‍,
വംശീയത ചെറുതായി അരച്ചത്,
തീവ്രത അരിഞ്ഞിട്ടത്,
ന്യൂനപക്ഷപ്രീണനം രണ്ടു കിലോ,
മതസൗഹാര്‍ദ്ധജഡം നല്ലവണ്ണം ചതച്ചിട്ടത്,
അസാംസ്‌കാരികത ആവശ്യത്തിന്,
എല്ലാം ചേര്‍ത്ത മസാലയും
ചൂടു നിറഞ്ഞ, ഭിന്നതയുടെ
കരിങ്കനലുകളില്‍ ദമ്മിട്ട
ചോറും, പരസ്പര പൂരകങ്ങളാക്കി
ഭീകരമാം വിധം സമ്മിശ്രമാക്കിയ,
വികല ചിന്തകളുടെ
ആവി പാറുന്ന ബിരിയാണി
അതിഥികള്‍ക്ക് ബോധക്ഷയം
പകരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും
ലോകം എന്നെ
ചവിട്ടിപ്പുറത്താക്കിയിരുന്നു.

Comments

Popular posts from this blog

ഏകാധിപത്യം

പ്രണയം

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

Web hosting