അന്ത്യനിമിഷം
നന്മകള്‍ നിരത്തി
വെക്കാനായ്
ഒന്നുമില്ലെന്‍ കരങ്ങളില്‍.
ദിശയറിയാതെയുള്ള സഞ്ചാരം
അനര്‍ത്ഥങ്ങള്‍ സൃഷ്ടിച്ചപ്പോള്‍,
അറിഞ്ഞിരുന്നില്ല
ഞാന്‍,
അഹിതങ്ങളിലാണു ചെന്നു
പെട്ടതെന്ന്.
സൗഹൃദ വലയങ്ങള്‍ വിരിച്ച
വലകളില്‍ കുടുങ്ങിയതും
വരിഞ്ഞു മുറുകിയതും
മൃദുല മനസിലേക്ക്
നിഷ്ഠൂരതയുടെ നിറവ്
നുരഞ്ഞുയര്‍ന്നതും
എനിക്കു മനസ്സിലായിരുന്നില്ല.
ദുഃഖ സന്ദര്‍ഭങ്ങളെ
ആഘോഷങ്ങളാക്കി
പരിണമിപ്പിച്ചപ്പോഴും
ഞാന്‍ തിരിച്ചറിയാത്ത
നഗ്ന സത്യം;
പ്രിയ ചങ്ങാതികള്‍, അല്ല,
‘ചങ്ങാത്തവാദികള്‍’
എന്‍ ബദ്ധവൈരികളാണെന്ന
ബൗദ്ധിക യാഥാര്‍ത്ഥ്യം,
ഈ അനര്‍ഘ നിമിഷമാണ്
പറഞ്ഞു തന്നത്.
വിമര്‍ശനങ്ങള്‍ക്കു
കാതോര്‍ക്കാതെ
ഞെളിഞ്ഞു നടക്കുമ്പോള്‍,
നെല്ലിക്കയുടെ മധുരം
അനുഭവപ്പെടുന്ന ഈ
നിമിഷത്തിനു വേണ്ടി
കാത്തിരിക്കാന്‍ ക്ഷമയുണ്ടായിരുന്നില്ല.


Comments
Post a Comment