Posts

പ്രണയം

എന്റെ ചിന്തകള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. വെള്ളരിപ്രാവിന്റെ തൂവെള്ളയും ആകാശത്തിന്റെ നീലിമയും റോസയുടെ സൗരഭ്യവും വിരിഞ്ഞ് പടരുന്ന ലോകത്തും നിന്റെ ഓര്‍മകള്‍ തളിര്‍ക്കുന്ന സ്വപ്‌നങ്ങള്‍ എന്നെ ഞെരുക്കിക്കൊണ്ടിരുന്നു. പാറിപ്പറന്ന കിനാവുകള്‍ ഒറ്റ സൂര്യനെ വലം വെച്ചു. ആയിരം പൂക്കള്‍ പെയ്യുന്ന ആനന്ദ ലഹരിയിലും എനിക്ക് ഒരു മണം മാത്രം, എന്റെ തുടിപ്പുകള്‍ക്ക് ഒരേയൊരു രാഗം മാത്രം. കോടികള്‍ തേടുന്ന മന്ദമാരുതന്റെ ചെലവില്‍ ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് ഞാന്‍ സ്വതന്ത്രനായി. പുതിയ ലോകം കെട്ടിപ്പടുത്തു. അവിടെ നീയുണ്ടായിരുന്നില്ല, ഞാന്‍ മാത്രം. പുതു സൂര്യനായി ഞാനുദിച്ചുയര്‍ന്നു. എന്നെ പ്രദക്ഷിണം ചെയ്ത പതിനായിരങ്ങള്‍ക്കു മുന്നില്‍ ചിന്താശകലങ്ങള്‍ വിതറി ഞാന്‍ മൂളിപ്പറന്നു.
Web hosting

ചെക്ക് മേറ്റ്

എന്റെ കറുത്ത കരുക്കള്‍ കളം വാണു. പക്ഷേ, സഹതാപത്തിന്റെ മൂര്‍ദ്ധന്യതയില്‍ ഞാന്‍ റിസൈന്‍ ചെയ്തു. അതിനും മുന്നേ നിന്റെ സ്റ്റേല്‍മേറ്റ്! റിയലി അയാം സോറി, ദ ഗെയിം ഈസ് ഓവര്‍!

'ഭാര'വാഹി

ഞാനൊന്നും ചോദിച്ചിരുന്നില്ല. എന്നിട്ടും നീ പകര്‍ന്നു നല്‍കിയ പേരുകള്‍ക്ക് ഭാരം കൂടുതലായിരുന്നു. ആരും എന്നെ ഒരു പേരും വിളിക്കരുത്. ഇനി, ഞാനൊന്നും പറയുന്നില്ല.

പ്രതിമ

അവന്‍ നിസ്സഹായനായിരുന്നു. ഞാനവന്റെ തലയില്‍ കാഷ്ടിച്ചു, ലിബറലിസം ഛര്‍ദ്ധിച്ചു. അവന്റകത്തു നിന്നും ഒരു പ്രതിഭ ശുഭാപ്തി വിശ്വാസത്തോടെ എന്നെ നോക്കി കണ്ണുരുട്ടി. ഐസുരുകിയുണ്ടാകുന്ന വെള്ളപ്പൊക്കം എന്നെ തുടച്ചു നീക്കുമെന്ന ബോധം അന്നെനിക്കുണ്ടായിരുന്നില്ല. ഇന്ന്, ഞാന്‍ നിന്നെ നമിക്കുന്നു. 

ശ്രദ്ധിക്കാതെ പോയ ഒരു വിലാപം

വടുവൃക്ഷച്ചുരുളുകള്‍ കടലാസുകളായി രൂപം പ്രാപിക്കുമ്പോഴും സത്യമെന്ന പ്രകൃതി വരദാനം ഞങ്ങള്‍ക്കു നഷ്ടപ്പെടുന്നില്ല. സത്യം വളച്ചൊടിക്കാന്‍ , മിഥ്യയോട് കൂട്ടിക്കലര്‍ത്താന്‍ ഞങ്ങള്‍ മനുഷ്യരല്ലല്ലോ. വിഷം ചീറ്റുന്ന കള്ള ' സത്യങ്ങള്‍ ' ഛര്‍ദ്ധിച്ച് ഛര്‍ദ്ധിച്ച് ലോകം ഛിന്നഭിന്നമാക്കാന്‍ , ശത്രുക്കളെ സൃഷ്ടിക്കാന്‍ , മാതൃഭൂമിയില്‍ ഒഴുകുന്ന രക്തത്തുള്ളികള്‍ ഇനിയും കണ്ടിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷപാതിത്വത്തിന്‍ നാറ്റം ഇനിയും സഹിക്കണോ ? മുതുകില്‍ കൊത്തി വെച്ച അസംബന്ധങ്ങള്‍ മായ്ക്കൂ. ഞങ്ങള്‍ക്കിനി ജീവിക്കേണ്ട , അസത്യത്തിന്‍ ദുര്‍ഗന്ധവും പേറി. അപരവത്കരണത്തിന്റെ കളങ്ങളും തീവ്രവാദാരോപണത്തിന്റെ പുറങ്ങളും കുപ്രചാരണങ്ങളുടെ വേദികളുമായി കപടവേഷം ധരിക്കാന്‍ നിര്‍ബന്ധിക്കരുത് , ദയവായി. വിവാദങ്ങളുടെ സര്‍പ്പനീലിമയില്‍ ജനമദ്ധ്യേ തിളങ്ങേണ്ട , യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ അപമാനത്തോടെ തലകുനിക്കേണ്ട. രക്ഷിക്കണം , പ്ലീസ്.

ഏകാധിപത്യം

മഴ തോരില്ല , ഒരിക്കലും. ഒരുപക്ഷേ , പെയ്യുന്ന മണ്ണുകള്‍ മാറിയേക്കാം. വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴത്തുള്ളികള്‍ക്ക് പര്‍വ്വതങ്ങളുടെ ഭാരമുണ്ടാകും. പാവം മണ്ണെന്തു പിഴച്ചു ? വെള്ളത്തുള്ളികള്‍ ഒഴുക്കിക്കളയാന്‍ ആകാശം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് പുതിയൊരു ലോകം പണിയണം. ക്ഷമിക്കണം , ജലപ്രളയം സൃഷ്ടിക്കുന്നത് മഴയല്ല , മണ്ണു തന്നെയാണ്!

വിമര്‍ശനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു വിമര്‍ശനം

വിമര്‍ശിക്കുന്നത് വിമര്‍ശിക്കാനല്ല. വിമര്‍ശിക്കാനാവാത്തൊരു ലോകം സൃഷ്ടിച്ചെടുക്കാനാണ് , വസന്തം മാത്രം പെയ്യുന്ന പൂന്തോട്ടങ്ങള്‍ പണിയാനാണ്. ചൂണ്ടു വിരലുകളുയരുമ്പോള്‍ മുഖം കറുക്കുന്നവര്‍ അസ്തമിക്കാ സൂര്യനെ സ്വപ്നം കാണുന്നതോ ? അതോ , ഉഷ്ണകാലത്തെ സൂര്യാഹങ്കാരം എടുത്തണിഞ്ഞതോ ? ഞാന്‍ വിരിയിക്കുന്ന പൂക്കളില്‍ ഒളിഞ്ഞിരിക്കുന്ന ദുര്‍ഗന്ധം എന്റേതു കൂടിയാണ്. വിമര്‍ശിക്കൂ , സ്വന്തത്തെ രൂപപ്പെടുത്തുന്ന കല്പ്രതിമയാണു ഞാന്‍.
Web hosting